സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉപയോക്താക്കള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കാത്തത് ഇലോണ്‍ മസ്കിന് പുതിയ തലവേദനയാകുന്നു. ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 4നാണ് ട്വിറ്ററിലെ 50 ശതമാനം പേരെ പിരിച്ചുവിട്ടത്.
എന്നാല്‍ പിരിച്ചുവിടല്‍ നടന്നിട്ട് മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും പിരിച്ചുവിട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് ട്വിറ്റര്‍ ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് വിവരം. ഇതോടെ മസ്ക് വീണ്ടും നിയമ നടപടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും 3 മാസത്തെ ആനൂകൂല്യങ്ങള്‍ ഇലോണ്‍ മസ്ക് തന്നെ ട്വിറ്ററിലൂടെ അന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിരിച്ചുവിടല്‍ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് പിരിച്ചുവിട്ട ജീവനക്കാര്‍ തന്നെ പറയുന്നത്. ട്വിറ്ററില്‍ ജോലി ചെയ്തിരുന്ന 50 ശതമാനം ജീവനക്കാരെ അതായത് 7000 പേരെയാണ് ചിലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി മസ്കിന്‍റെ കീഴില്‍ ട്വിറ്റര്‍ എത്തിയ ഉടന്‍ പിരിച്ചുവിട്ടത്. ഇതില്‍ 1000 പേര്‍ കാലിഫോര്‍ണിയയില്‍ ജോലി ചെയ്യുന്നവരാണ്.
അതേ സമയം മുന്‍ ജീവനക്കാരുടെ യാത്രകള്‍ ബുക്ക് ചെയ്ത ട്രാവല്‍ എജന്‍സികള്‍, സോഫ്റ്റ്വെയര്‍ സംബന്ധിച്ച പുറം കരാറുകള്‍ എടുത്ത കമ്പനികള്‍ എന്നിവ തങ്ങളുടെ ബില്ലുകള്‍ ട്വിറ്റര്‍ നല്‍കുന്നില്ല എന്ന് പറഞ്ഞ് ട്വിറ്ററിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
ബോസ്റ്റണ്‍ ആസ്ഥാനമാക്കിയുള്ള തൊഴിലാളി തര്‍ക്ക പരിഹാര ഫോറത്തില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട് പല ട്വിറ്റര്‍ മുന്‍ ജീവനക്കാരും. ഫെഡറല്‍ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ടുകളും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 100 ഓളം പരാതികള്‍ ട്വിറ്ററിനെതിരെ മുന്‍ ജീവനക്കാര്‍ ഫയല്‍ ചെയ്തുവെന്നാണ് വിവരം.