കടയ്ക്കൽ: ഭാര്യക്കെതിരെ കേസെടുക്കാത്തതിന് ചിതറ സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസുകൾ ഭർത്താവ് അടിച്ചുതകർത്തു. സംഭവത്തിൽ ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസിനെ (52) അറസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും തമ്മിലുള്ള സാമ്പത്തികതർക്കത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. കൈയിൽ കരുതിയ കളമാന്തി ഉപയോഗിച്ചാണ് ചില്ല് അടിച്ചുപൊട്ടിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ധർമദാസിനെ പൊലീസുകാർ ഓടിച്ചിട്ട് പിടികൂടി. തന്റെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റ പണം ഭാര്യ നൽകുന്നില്ലെന്ന പരാതിയുമായാണ് ധർമദാസ് പൊലീസിനെ സമീപിച്ചത്.
വസ്തു വിറ്റ പണം ഭാര്യ അവരുടെ ബന്ധുക്കൾക്ക് കൊടുത്തെന്ന സംശയമായിരുന്നു ധർമദാസിന്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിരുന്നു. ധർമദാസ് പണം ധൂർത്തടിക്കുമെന്നതിനാൽ മക്കളുടെ പേരിൽ പോസ്റ്റ് ഓഫിസിൽ സുകന്യ സ്കീം പ്രകാരം പണം നിക്ഷേപിച്ചെന്ന് ഭാര്യ സ്റ്റേഷനിൽ വ്യക്തമാക്കി. ഇതിനുള്ള തെളിവും ഇവർ ഹാജരാക്കി. എന്നാൽ മോഷണക്കുറ്റത്തിന് ഭാര്യക്കെതിരെ കേസെടുക്കണമെന്നായിരുന്നു ധർമദാസിന്റെ പരാതി.