കൊച്ചി: ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം ഇല്ല. ഡോ. വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതിയെന്നും ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സന്ദീപിനൊപ്പമുണ്ടായിരുന്ന പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹർജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ മെയ് 10 നാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.