ന്യൂഡല്‍ഹി : കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലായതിന്റെ പേരില്‍ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പുതിയ പരിശോധനാ നയത്തില്‍ പറയുന്നു. ഇവര്‍ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങള്‍ കൊണ്ടോ ‘റിസ്‌ക്’ വിഭാഗത്തിലാണെങ്കിലേ പരിശോധന ആവശ്യമുള്ളൂ. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിര്‍ബന്ധമായും പരിശോധിക്കണമെന്നാണ് ഐസിഎംആര്‍ മുന്‍പു പറഞ്ഞിരുന്നത്. കോവിഡ് ലക്ഷണമില്ലാത്ത ആര്‍ക്കും പരിശോധന വേണ്ടെന്നാണു പുതിയ നയത്തില്‍ പറയുന്നത്. സംസ്ഥാനാന്തര യാത്രക്കാര്‍ക്കു പരിശോധന ആവശ്യമില്ല. (ചില സംസ്ഥാനങ്ങളില്‍ നിലവില്‍ ഇതു നിര്‍ബന്ധമാണ്). ഇടയ്ക്കുള്ള പരിശോധനകള്‍ക്കോ പ്രസവത്തിനോ എത്തുന്ന ഗര്‍ഭിണികള്‍ക്കും ലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന വേണ്ട. ഹോം ടെസ്റ്റ് കിറ്റ്, ആന്റിജന്‍ പരിശോധന എന്നിവയില്‍ പോസിറ്റീവായാല്‍ അന്തിമ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ ആവശ്യമില്ല.
ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിട്ടും കോവിഡ് ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണം. കോവിഡ് പരിശോധനയ്ക്ക് ആന്റിജന്‍ ടെസ്റ്റ് ആയാലും മതി. കോവിഡ് ബാധ വേഗം സ്ഥിരീകരിക്കാനും റിസ്‌ക് വിഭാഗക്കാരെ വേഗം ഐസലേഷനിലാക്കാനുമാണു മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു.