എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും പാർട്ടി പിളർത്തി എൻ.ഡി.എ ക്യാംപിലെത്തിയ വിമത നേതാവ് അജിത് പവാറും തമ്മിൽ പുണെയിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പരന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പുണെ കൊറേഗാവ് പാർക്കിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മടങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് ശരദ് പവാർ എൻ.ഡി.എ ക്യാംപിലെത്തുമെന്ന തരത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാ പ്രചരണങ്ങളേയും തള്ളി രംഗത്തുവന്നിരിക്കുകയാണ് ശരദ് പവാർ.
അജിത് പവാറുമായി പുണെയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് ശരദ് പവാർ പറഞ്ഞു. ‘എം.വി.എ ഐക്യത്തിലാണ്. ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ യോഗം ഞങ്ങൾ വിജയകരമായി സംഘടിപ്പിക്കും’-പവാർ ബാരാമതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേ ചോദ്യം ഉന്നയിച്ച് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് പവാർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
അജിത് സഹോദരന്റെ മകനാണെന്നും കുടുംബാംഗങ്ങൾ തമ്മിൽ കാണുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. അനുനയിപ്പിച്ച് എൻ.ഡി.എ പാളയത്തിലെത്തിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും പവാർ പറഞ്ഞു.എം.വി.എ ഘടകകക്ഷികളായ കോൺഗ്രസും ശിവസേനയും എൻ.സി.പി തലവനോട് അജിത് പവാറുമായുള്ള കൂടിക്കാഴ്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം നീക്കാൻ ആവശ്യപ്പെട്ടിരുന്നു. ‘ഞാനും ഉദ്ധവ് താക്കറെയും കോൺഗ്രസ് അധ്യക്ഷൻ നാനാ പടോളേയും മുംബൈയിൽ ഇന്ത്യാ സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു’ -പവാർ പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച എൻ.സി.പി നേതാവ് നവാബ് മാലിക്കുമായി താൻ സംസാരിക്കുമെന്നും പവാർ പറഞ്ഞു. 2022 മാർച്ച് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മാലിക്ക്. കഴിഞ്ഞ വർഷം മേയിൽ കുർളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്.