ദില്ലി: അവകാശത്തർക്കവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ള സാഹചര്യത്തിൽ പിതാവിന് കുട്ടിയെ കോടതി പരിസരത്ത് വെച്ച് കാണാമെന്ന കുടുംബകോടതിയുടെ ഉപാധി ഭേദഗതി ചെയ്‌ത് സുപ്രീംകോടതി. ഞായറാഴ്‌ച്ചകളിൽ പകൽ 11 മുതൽ നാല് വരെയുള്ള സമയത്ത് കോടതിപരിസരത്ത് വെച്ച് പിതാവിന് കുട്ടിയെ കാണാമെന്നും സംസാരിക്കാമെന്നായിരുന്നു കുടുംബകോടതി ഏർപ്പെടുത്തിയ വ്യവസ്ഥ. കുട്ടിയുടെ മാനസിക അവസ്ഥ കണക്കിലെടുത്ത് മറ്റെവിടെയെങ്കിലും വെച്ച് കൂടിക്കാഴ്‌ച്ചയ്‌ക്കുള്ള അവസരം ഒരുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
പിതാവ് കേരളാഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടർന്ന്, പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിപരിസരത്ത് വെച്ചുള്ള കൂടിക്കാഴ്‌ച്ചകൾ കുട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ജസ്‌റ്റിസ് എ എസ് ബൊപ്പണ്ണ നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഞായറാഴ്‌ച്ചകളിൽ പിതാവിന് കുട്ടിയെ കൊല്ലം ആർ പി മാളിൽ വെച്ച് കാണാനുള്ള സൗകര്യമുണ്ടാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. പിതാവിന് വേണ്ടി അഭിഭാഷകരായ നിഷേ രാജൻ ഷൊങ്കർ, ശ്രീറാംപറക്കാട്ട് തുടങ്ങിയവർ ഹാജരായി.