ജെറുസലേം : ഇസ്രയേൽ ആക്രമണത്തിൽ ദുരിത മുനമ്പായി ഗാസ. ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ഗാസയിൽ ജനങ്ങൾ ദുരിതത്തിലാണ്. ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകളില്ല. ആക്രമണം തുടങ്ങിയ ശനിയാഴ്ച മുതൽ ലക്ഷക്കണക്കിന് ഗാസ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎൻ റിപ്പോർട്ട്. ഗാസയിൽ അവശ്യ വസ്തുക്കളുടെ വിതരണം അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. അതേസമയം ബന്ദികളെ വിട്ടയ്ക്കാൻ ഹമാസുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ് തുർക്കി. സൗദി കീരീടാവകാശിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തമ്മിൽ ടെലഫോൺ സംഭാഷണം നടത്തി. ഗാസയിൽ കരയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതിനിടെ പ്രത്യേക ദൗത്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക് യാത്ര തിരിച്ചു. ഇരുപക്ഷത്തുമായി രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഇതിനോടകം മരിച്ചത്.