ദില്ലി: അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുലിന്‍റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കള്‍ എത്ര അധിക്ഷേപം നടത്തിയാലും ഒരു ജഡ്ജിയും അവരെ അയോഗ്യരാക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിച്ചതിന്‍റെ പ്രതികാരമാണ് ഇപ്പോള്‍ രാഹുലിനെതിരെ നടക്കുന്നതെന്നും പ്രയിങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി ദേശീയ വക്താവ് സംബിത് പത്ര രാഹുലിനെ അധികാരത്തിന് വേണ്ടി യുദ്ധത്തിൽ കാലുമാറിയ മിർ ജാഫറിനോട് ഉപമിച്ച് അധിക്ഷേപിച്ചിരുന്നു. ഒരു ജഡ്ജിയും ബിജെപി നേതാവിനെ അയോഗ്യനാക്കിയില്ല. യുകെയില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രിയോ, ബിജെപി മന്ത്രിമാരോ, എംപിമാരോ, ബിജെപി വക്താക്കളോ ആരുമാകട്ടേ, അവരൊക്കെ എന്‍റെ കുടുംബത്തെ, ഇന്ദിരാ ഗാന്ധിയേയും അമ്മ സോണിയയേയും, നെഹ്‌റുജിയേയും രാഹുലിനെയുമെല്ലാം രൂക്ഷമായി വിമർശിക്കുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. മോശമായ കാര്യങ്ങൾ പറയുന്നു. ഇത് നിരന്തരമായി നടക്കുന്നു. ഒരു ജഡ്ജിയും അവർക്കെതിരെ രണ്ട് വർഷത്തെ തടവ് വിധിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ല- പ്രിയങ്ക പറഞ്ഞു.
അദാനിയെക്കുറിച്ച് പറഞ്ഞതാണ് ഈ വേഗത്തിലുള്ള നടപടികളുടെ പിന്നില്‍. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന് ശേഷമാണ് മാനനഷ്ട കേസ് പെട്ടെന്ന് പൊങ്ങി വന്നത്. ഈ നടപടികള്‍കൊണ്ടൊന്നും ഞങ്ങള്‍ തളരില്ല, ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഉയർത്തിപ്പിടിച്ച് സത്യത്തിനായി തലമുറകളോളം പോരാടിയവാരാണ് ഗാന്ധി കുടുംബം. ഇനിയും അനീതിക്കെതിരെ പ്രതികരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതേസമയം അയോഗ്യനാക്കിയതിന് പിന്നാലെ രാഹുലിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
തനിക്കെതിരായ നടപടിയില്‍ നിലപാട് വ്യക്തമാക്കാൻ രാഹുൽ ഗാന്ധി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം തുടരും. ഛത്തീസ്ഘട്ടിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.