ഗഡ്ചിരോലി: പനി ബാധിച്ചു മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച മക്കളുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് കിട്ടാത്തതിനാൽ കിലോമീറ്റുകളോളം മൃതദേഹങ്ങൾ ചുമലിലെടുത്ത് മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ അഹേരിയിലാണ് ഉള്ളുപൊള്ളിക്കുന്ന സഭവം നടന്നത്. അഹേരി താലൂക്കിലെ ദമ്പതിമാരുടെ കുട്ടികളാണ് പനിബാധിച്ച് മരിച്ചത്. രണ്ട് കുട്ടികൾക്കും 10 വയസിൽ താഴെയാണ് പ്രായമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചിക്കാത്തിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. പനി ബാധിച്ച കുട്ടികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ആരോഗ്യനില വഷളായത്. തുടർന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം തങ്ങളുടെ ഗ്രാമത്തിലെത്തിക്കാൻ മാതാപിതാക്കൾ ആംബുലൻസ് സേവനം തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അച്ഛനും അമ്മയും മക്കളുടെ മൃതദേഹം തോളത്ത് ചുമന്ന് 15 കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു.
മക്കളുടെ മൃതദേഹങ്ങൾ ചുമന്ന് നടക്കുന്ന രണ്ടുപേരുടെ വീഡിയോ മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് വിജയ് വഡേട്ടിവാർ ആണ് സോഷ്യഷമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ചുമതലയുള്ള ജില്ലയാണ് ഗഡ്ചിരോലി. ഇവിടെയാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ദുരവസ്ഥ നിർധന കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലുടനീളം പരിപാടികൾ നടത്തി സംസ്ഥാനം വികസനത്തിന്‍റെ പാതയിലാണെന്നാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവകാശപ്പെടുന്നത്. എന്നാൽ താഴെ തട്ടിലേക്ക് ഇറങ്ങി നോക്കിയാൽ സാധാരണക്കാരായ ജന് എങ്ങനെ ജീവിക്കുന്നുവെന്ന് തിരിച്ചറിയാവാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മഹാരാഷ്ട്രയിൽ ഈ മാസം ഇത് രണ്ടാമത്തെ സംഭവമാണ്. സെപ്തംബർ ഒന്നിന് ഗർഭിണിയായ ഒരു ആദിവാസി സ്ത്രീയും നവജാത ശിശുവും ആംബുലൻസ് സേവനം ലഭിക്കാതെ മരണപ്പെട്ടിരുന്നു. അമരാവതിയിലെ മെൽഘട്ട് ഗോത്രമേഖലയിലെ ദഹേന്ദ്രി ഗ്രാമത്തിൽ നിന്നുള്ള കവിത എ. സക്കോൾ എന്ന യുവതിയാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതോടെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് വിളിച്ചു. എന്നാൽ ആംബുലൻസ് എത്താൻ 4 മണിക്കൂർ എടുക്കുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഒടുവിൽ യുവതി വീട്ടിൽ തന്നെ പ്രസവിച്ചു. എന്നാൽ ആരോഗ്യ നില വഷളായി യുവതിയും കുഞ്ഞും മരണപ്പെടുകയായിരുന്നു.