ചില സമയത്ത് എവിടെയോ കേട്ടുമറന്ന പാട്ടുകൾ കേൾക്കണമെന്ന് തോന്നാറില്ലേ… പക്ഷേ ഈണമല്ലാതെ വരികളൊന്നും ഓർമ്മ കാണില്ല. യൂട്യൂബിൽ നിന്ന് തപ്പിയെടുക്കാമെന്ന് വെച്ചാൽ പാളിപ്പോകുകയും ചെയ്തു. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാത്തവർ കുറവായിരിക്കും. എന്നാലിതിന് പരിഹാരമുണ്ട്. വരികൾ ഓർമ്മയില്ലാത്തത് ഇനി ഇഷ്ടപ്പെട്ട പാട്ട് കേൾക്കാനൊരു തടസമേയല്ല. ‘യൂട്യൂബ് മ്യൂസിക്കാ’ണ് പരിഹാരമാര്‍ഗവുമായി എത്തിയിരിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്‍റില്‍ നേരത്തെ തന്നെ ലഭ്യമായ ഫീച്ചറാണ് ഇതെങ്കിലും കൂടുതൽ മോഡിഫൈ ചെയ്താണ് യൂട്യൂബ് മ്യൂസിക്ക് ഇത് പുറത്തിറക്കിയിരിക്കുന്നത്.
“play, sing or hum a song” എന്ന ഈ ഫീച്ചർ ആപ്പിളിന്‍റെ ‘ഷാസാമി’ന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വരികൾ ആവശ്യമില്ലെന്ന് മാത്രം. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലെ യൂട്യൂബ് മ്യൂസിക്കിൽ ഫീച്ചർ ലഭ്യമാണ്. ഇഷ്ടമുള്ള ഗാനം മറ്റൊരു ഉപകരണത്തിൽ ‘പ്ലെ’ ചെയ്യുകയോ, പാടുകയോ, ഈണം മൂളുകയോ ചെയ്താൽ മതി… പാട്ട് റെഡി. ഫീച്ചർ മ്യൂസിക് ആപ്പിലേക്ക് സംയോജിപ്പിച്ചതിലൂടെ, ഒരൊറ്റ ആപ്പിനുള്ളിൽ പാട്ടുകൾ തിരിച്ചറിയാനും പ്ലേ ചെയ്യാനും സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ആൻഡ്രോയിഡ് ഫോണിൽ യൂട്യൂബ് ആപ്ലിക്കേഷൻ തുറക്കുക. മുകളിൽ വലതു ഭാഗത്തായി സെർച്ച് ബട്ടണുണ്ടാകും, അത് ക്ലിക്ക് ചെയ്യുക. തുടർന്ന് മ്യൂസിക്കിന്‍റെ ചിഹ്നമുള്ള ബട്ടനിൽ ക്ലിക്ക് ചെയ്ത് ഗാനം മറ്റു ഉപകരണങ്ങളിൽ പ്ലെ ചെയ്യുകയോ, ആലപിക്കുകയോ, മൂളുകയോ ചെയ്യാം. അഞ്ച് മുതൽ 10 സെക്കന്‍റിനുള്ളിൽ ഗാനം ഏതാണെന്ന് കണ്ടുപിടിക്കുകയും, റിസൾട്ട് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഇങ്ങനെ കണ്ടുപിടിച്ച പാട്ടുകൾ ആപ്പിലൂടെ തന്നെ കേൾക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.