ദില്ലി : ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി ആദായ നികുതി വകുപ്പ് . മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണ് . നടപടികൾക്കിടെ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നൽകി. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.
ഇന്നലെ രാത്രിയാണ് ദില്ലിയിലെയും മുംബൈയിലെയും 3 ദിവസം നീണ്ട മാരത്തൺ പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയത്.3 ദിവസവും ഓഫീസിൽ നിന്നും പുറത്തു പോകാതെ നടപടിയോട് ചില ജീവനക്കാർക്ക് സഹകരിക്കേണ്ടി വന്നു എന്നത് കൂടുതൽ ചർച്ചകൾക്ക് വഴി തുറന്നേക്കും.