പെഷാവർ: ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് പാകിസ്താനിലെ ഉൾഗ്രാമത്തിലെത്തിയ ഇന്ത്യൻ യുവതി ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് പാകിസ്താനി യുവാവ്. വിസ കാലാവധി അവസാനിക്കുന്ന ആഗസ്റ്റ് 20 ന് യുവതി നാട്ടിലേക്ക് മടങ്ങുമെന്നാണ് പറയുന്നത്. അതേസമയം തന്നെ കാണാനെത്തിയ അഞ്ജുവിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും തങ്ങൾ തമ്മിൽ പ്രണയമില്ലെന്നും സുഹൃത്ത് നസ്റുല്ല(29) പറഞ്ഞു. യു.പിയിലെ കൈലോർ ഗ്രാമത്തിൽ ജനിച്ച അഞ്ജു(34) രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് താമസം. 2019 മുതലാണ് അഞ്ജുവും നസ്റുല്ലയും ഫേസ്ബുക്ക് വഴി സുഹൃത്തുക്കളാകുന്നത്. നസ്റുല്ലയെ കാണാൻ അഞ്ജു പാകിസ്താനിലെത്തിയ വിവരം കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തി പാക് സ്വദേശി സീമ ഹൈദറിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ സംഭവം. സീമ അനധികൃതമായിട്ടാണ് ഇന്ത്യയിലെത്തിയതെങ്കില്‍ അഞ്ജു ശരിയായ യാത്രാരേഖകള്‍ സഹിതമാണ് അതിര്‍ത്തി കടന്നത്.
”അഞ്ജു പാകിസ്താനിലെത്തിയിട്ടുണ്ട്. എന്നാൽ വിവാഹം കഴിക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല. വിസ കാലാവധി തീരുന്ന പക്ഷം അവർ നാട്ടിലേക്ക് മടങ്ങും”-നസ്റുല്ല പറഞ്ഞു. തന്റെ വീട്ടിലെ വനിത അംഗങ്ങൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നതെന്നും നസ്റുല്ല പറഞ്ഞു. അഞ്ചംഗ കുടുംബത്തിലെ ഇളയ മകനായ നസ്റുല്ല സയൻസ് ബിരുദധാരിയാണ്. അതിനിടെ, ഭാര്യ ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ്. ഇവർക്ക് 15 വയസുള്ള മകളും ആറു വയസുള്ള മകനുമുണ്ട്. സാമൂഹിക മാധ്യമം വഴി ഭാര്യക്ക് ആരുമായെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അറിയില്ലെന്നും അരവിന്ദ് വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴി അഞ്ജു താനുമായി ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഫോണിൽ വിളിച്ച് താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. അഞ്ജു പാകിസ്‍താനിലെത്തി എന്ന് മനസിലാക്കിയതോടെ കുടുംബം പരാതി നൽകിയില്ല.
അരവിന്ദ് ഭിവാഡിയിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപ്പറേറ്ററായാണ് അഞ്ജു ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിക്ക് അപേക്ഷിക്കാൻ താൽപര്യമുണ്ടായിരുന്നതിനാൽ 2020ലാണ് അവർ പാസ്‌പോർട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് യുവതി ഭിവാഡിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.