ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മത്സരിക്കാനില്ലെന്ന് അശോക് ഗേലോട്ട് അസന്നിഗ്ധമായി അറിയിച്ചത്. ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങാതെ മുഖ്യമന്ത്രി സ്ഥാനം കൈവിടാനാകില്ലെന്ന ഗേലോട്ട് നിലപാടെടുത്തതോടെ, അധികാരക്കൊതിയെന്ന വിമർശനം കൂടുതൽ ശക്തമായി.
രാജസ്ഥാനിൽ പലനേതാക്കളം പരസ്യമായി ഗേലോട്ടിനെതിരെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മറുവിഭാഗം ഗേലോട്ടിന് ഒപ്പമാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്റ് ശ്രമങ്ങൾ രാജസ്ഥാനിലെ കോൺഗ്രസ് സാഹചര്യം സങ്കീർണ്ണമാക്കിയതോടെ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കഴിഞ്ഞു. പാർട്ടി നേതാക്കൾക്കെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നാണ് എഐസിസി നിർദ്ദേശം. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരടക്കമുള്ളവർ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തെത്തിയത് പാർട്ടിക്ക് ക്ഷീണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ നേതാക്കൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയത്.
കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള ഹൈക്കമാന്റ് ശ്രമങ്ങളാണ് ഗേലോട്ടിലേക്ക് എത്തിയതും രാജസ്ഥാനിലെ കോൺഗ്രസ് സാഹചര്യം സങ്കീർണമാക്കിയതും. നേരത്തെ അതൃപ്തിയുള്ള സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കുകയെന്നതാണ് ഇനി കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളി. സച്ചിൻ പൈലറ്റ് സോണിയ ഗാന്ധിയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. സോണിയയുടെ വസതിയിലേക്കെത്തിയാണ് കൂടിക്കാഴ്ച. രാജസ്ഥാനിലെ പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ സോണിയ-സച്ചിൻ കൂടികാഴ്ചയാണ് ഇന്നത്തേത്.
മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഖെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് ആധാരം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.