ലക്‌നൗ : പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ ഉത്തർപ്രദേശിൽ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദേശം.
മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാം, എന്നാൽ അതിന്റെ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു ഉറപ്പുവരുത്തണം. ഉത്തർപ്രദേശിൽ എല്ലാവർക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മത ആചാരവുമായി ബന്ധപ്പെട്ടു നടന്ന ഘോഷയാത്രയിൽ സംഘർഷമുണ്ടായിരുന്നു. മഹാരാഷ്‌ട്രയിലും കർണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഈ സാഹചര്യത്തിലാണ് യുപി സർക്കാർ നിയന്ത്രണം കടുപ്പിച്ചത്.
ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങൾ മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം. മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളിൽ സമാധാനവും ഐക്യവും നിലനിർത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിർബന്ധമായും സംഘാടകർ സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പുതിയ പരിപാടികൾക്ക് അനുമതി നൽകേണ്ടതില്ലെന്നാണു തീരുമാനം. പൊലീസിനോട് അതീവ ജാഗ്രത പാലിക്കാനും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കാനും നിർദേശമുണ്ട്.