ദില്ലി : എഐ ക്യാമറ വിവാദത്തിൽ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ദില്ലിയിൽ മാധ്യമ പ്രവർത്തകർ വി ഡി സതീശന്‍റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. എഐ ക്യാമറ വിവാദത്തിനിടെ സംസ്ഥാന സർക്കാരിനെതിരെ വലിയ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഉന്നയിച്ചത്. മുഖ്യമന്ത്രി മഹാമൌനം വെടിയണമെന്ന് സതീശൻ ആവശ്യപ്പെട്ടിരുന്നു. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിനാണെന്നാണ് വി ഡി സതീശൻ ആരോപിച്ചത്.
എന്നാൽ പ്രതിപക്ഷ നേതാവിന് മറുപടിയായുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കിൽ ഒന്നാം ലാവലിൻ എന്തെങ്കിലും ആകണ്ടെയെന്ന് അദ്ദേഹം ചോദിച്ചു. സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്ത് എന്തെന്ന് ചോദിച്ച് യുഡിഎഫിന്‍റെ ജുഡിഷ്യൽ അന്വേഷണ ആവശ്യത്തെ എംവി ഗോവിന്ദൻ പരിഹസിക്കുകയും ചെയ്തു.
എഐ ക്യാമറ ഇടപാടിൽ എസ്ആര്‍ഐടിക്കൊപ്പം പ്രവര്‍ത്തിച്ച പ്രസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിനും ട്രോയ്സ് ഡയറക്ടര്‍ ജിതേഷിനും മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. 83.6 കോടി രൂപക്ക് പദ്ധതി നടപ്പാക്കാമെന്ന് വ്യക്തമാക്കി എസ്ആര്‍ഐടി നൽകിയ പര്‍ച്ചേസ് കരാറും രമേശ് ചെന്നിത്തല പുറത്ത് വിട്ടു. എഐ ക്യാമറ അഴിമതി രണ്ടാം ലാവലിൻ എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുന്നയിച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.