ദില്ലി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേ ഇല്ല. ഉടനെ അന്തിമ വാദം കേൾക്കുന്നതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഉചിത അധികാരികളിൽ നിന്നുള്ള എല്ലാ അനുവാദം ലഭിച്ച ശേഷമാണ് ഖനനം നടത്തിയതെന്ന് ഹർജിക്കാർ വ്ക്തമാക്കി.
സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ് ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിയ്ക്കുമെന്നും അറിയിച്ചു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ, അഭിഭാഷകരായ ഇ എം എസ് അനാം, എം കെ എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ ഹാജരായി. കേസിൽ തടസഹർജി നൽകിയ തൃശൂർ സ്വദേശി ശ്രീനിവാസനായി അഭിഭാഷകൻ ജെയിംസി പി തോമസ് ഹാജരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശി, അബ്ജുള്ള നസീഹ് എന്നിവർ ഹാജരായി.
അതേസമയം, സ്വർണക്കടത്ത് കേസിലെ വിചാരണ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജിയിലും ഇന്ന് സുപ്രിംകോടതി വാദം കേട്ടി. ഹർജയിൽ സുപ്രീം കോടതി കേരളത്തെയും കക്ഷി ചേർത്ത് . കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നൽകാമെന്ന് കപിൽ സിബൽ അറിയിച്ചു. വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഹർജിയിൽ അടുത്ത വാദത്തിൽ തീർപ്പ് പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യുലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിച്ചത്.