പട്ന: ടിക്കറ്റില്ലാതെ സെക്കൻഡ് എസി കംപാർട്ട്മെന്റിൽ യാത്ര. പുറത്തിറക്കി വിട്ട ടിടിഇയെ കൈകാര്യം ചെയ്ത് യുവതി. ദില്ലിയിൽ നിന്ന് ബീഹാറിലേക്കുള്ള സീമാഞ്ചൽ എക്സ്പ്രസിലാണ് യുവതി വലിയ കോലാഹലം സൃഷ്ടിച്ചത്. സഹയാത്രികരുമായി വാക്കുതർക്കത്തിലായ യുവതിയോട് ടിടിഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ട ടിടിഇയോട് അഭിഭാഷകയെന്ന് വാദിക്കുന്ന യുവതി ദേഷ്യപ്പെടുകയും നിയമം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് റെയിൽ വേ പൊലീസ് സെക്കന്റ് എസി കംപാർട്ട്മെന്റിൽ എത്തിയത്.
അപ്പർ ബെർത്തിൽ ഇരിക്കുന്ന യുവതി വളരെ രൂക്ഷമായ രീതിയിലാണ് ടിടിഇയോടും റെയിൽവേ പൊലീസുകാരോടും പ്രതികരിക്കുന്നത്. നിയമത്തിലെ വകുപ്പുകൾ അടക്കം പറഞ്ഞ് തർക്കിച്ചതിന് പുറമേ സഹയാത്രികരേയും യുവതി ശല്യപ്പെടുത്തിയ യുവതിയെ രാവിലെ കതിഹാർ സ്റ്റേഷനിൽ ഇറക്കി വിട്ടതോടെയാണ് അസഭ്യ വർഷത്തോടെ ഇവർ ടിടിഇയെ ആക്രമിച്ചത്. ഇതിന് പിന്നാലെ ആൾക്കൂട്ടത്തിലേക്ക് ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കതിഹാർ റെയിൽ വേ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
വനിതാ പൊലീസില്ലാതെ ട്രെയിനിലിൽ നിന്ന് പുറത്തിറക്കിയതാണ് കയ്യേറ്റത്തിനുള്ള പ്രകോപനം. ടിക്കറ്റ് ടിടിഇ കീറി കളഞ്ഞെന്നാണ് യുവതിയുടെ വാദം. അനന്ത് വിഹാറിൽ നിന്ന് ജബോനിയിലേക്കുള്ള ഒഴിഞ്ഞ സീറ്റിലായിരുന്നു യുവതിയുടെ യാത്ര. മോശമായി പെരുമാറരുതെന്ന ടിടിഇയുടെ ആവശ്യത്തോടും രൂക്ഷമായ ഭാഷയിലാണ് യുവതിയുടെ മറുപടി. താൻ ആദ്യമായല്ല യാത്ര ചെയ്യുന്നതെന്നും യുവതി ടിടിഇയെ വിരട്ടാൻ തുടങ്ങി. രാത്രിയിൽ ആരംഭിച്ച വാക്കേറ്റം പുലർച്ച വരെ നീണ്ടിട്ടും അവസാനിക്കാതെ വന്നതോടെ രാവിലെയാണ് യുവതിയെ കതിഹാർ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് ഇറക്കുകയായിരുന്നു.