നോയിഡ ∙ ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായ യുവാവ്. നോയിഡ സ്വദേശിയായ നീരജ് സിങ്ങാണ് പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നീരജ് സിങ് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഓഫിസിലെ സഹപ്രവർത്തകയാണ് പൊലീസിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ നീരജ് സിങ് ഒളിവിൽ പോകുകയായിരുന്നു. ഇതിനിടെ നീരജ് സിങ് വീട്ടിലെത്തിയതായി ചൊവ്വാഴ്ച വൈകിട്ടു പൊലീസിന് വിവരം ലഭിച്ചു. പൊലീസ് പിടികൂടാനെത്തുന്ന വിവരമറിഞ്ഞ നീരജ് സിങ് കാറുമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജീവനക്കാരനെ ഇടിച്ചിട്ടത്.
അണ്ടർ ഗ്രൗണ്ടിലെ പാർക്കിങ്ങിൽനിന്ന് അതിവേഗത്തിൽ വരുന്ന നീരജ് സിങ്ങിന്റെ വാഹനം തടയാൻ സുരക്ഷാ ജീവനക്കാരൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ നിർത്താതെ ജീവനക്കാരനെ ഇടിച്ചിട്ട് മുന്നോട്ടു പോകുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ജീവനക്കാരനെ കാറിടിക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
പിന്നീട് പൊലീസ് സംഘം ഇയാളുടെ കാറിനു പിന്നാലെ പായുന്നത് മറ്റൊരു വിഡിയോയിലുണ്ട്. അപകടത്തിൽ പരുക്കേറ്റ സുരക്ഷാ ജീവനക്കാരനായ അശോക് മാവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകരമായ ഡ്രൈവിങ്ങിന്റെ പേരിൽ നീരജ് സിങ്ങിനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി റജിസ്റ്റർ െചയ്തു.