ന്യൂഡൽഹി: വീട്ടുജോലിക്കാരിയോട് ക്രൂരത കാണിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന നോയിഡ സ്വദേശിയെ അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 120 ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ താമസക്കാരിയായ ഷെഫാലി കൗളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുവേലക്ക് നിന്ന 20 കാരി അനിതയെ മർദിച്ച് വലിച്ചിഴക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ ഒളിവിൽ പോയി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച രാത്രിയാണ് അറസ്റ്റിലായത്.
ഷെഫാലി കൗൾ അനിതയെ നിരന്തരം യുവതിയെ മർദിക്കാറുണ്ടായിരുന്നു. മർദനം സഹിക്കാതായതോടെ പെൺകുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സെക്യൂരിറ്റി പിടിക്കുകയും വീട്ടുടമയെ ഏൽപ്പിക്കുകയും ചെയ്തു. ഇവർ പെൺകുട്ടിയെ മർദിച്ച് ഫ്ലാറ്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പെൺകുട്ടിയുടെ പിതാവ് പരാതി നൽകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. ആറ് മാസത്തെ കരാർ പ്രകാരമാണ് മകൾ ജോലിക്ക് ചെന്നത്. കരാർ ഒക്ടോബർ 31ന് അവസാനിച്ചു. എന്നിട്ടും ഈ സ്ത്രീ അവളെ വിട്ടയച്ചില്ല. അവളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് പിതാവ് പറഞ്ഞു.കേസെടുത്തയോടെ ഷെഫാലി കൗൾ ഒളിവിൽ പോയി. പൊലീസിന്റെ നേതൃത്വത്തിൽ പെൺകുട്ടിക്ക് നടത്തിയ വൈദ്യപരിശോധനയിൽ ദേഹമാസകലം മർദനമേറ്റതിന്റെ പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.വീട്ടുടമ ദിവസവും തന്നെ അടിക്കുകയും ഐസ് വെള്ളത്തിൽ മുക്കുകയും ചെയ്യാറുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. ഒരു കഷണം ശർക്കര കഴിച്ചതിന് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നാണ് ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പെൺകുട്ടി പറയുന്നു.