ചാരുംമൂട്: എം ഡി എം എ യുമായി മൂന്ന് യുവാക്കളെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി സുധ ഭവനത്തിൽ സുരാജ് (35), കൊട്ടയ്ക്കാട്ടുശ്ശേരി വാലുപറമ്പിൽ വീട്ടിൽ വിഷ്ണു (27), താമരക്കുളം പേരൂർക്കാരാണ്മ കച്ചിമീനത്തിൽ വീട്ടിൽ സജിത്ത് (27) എന്നിവരെയാണ് നൂറനാട് സി ഐ, പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പേരൂർ കാരാഴ്മ ഭാഗത്തുള്ള റോഡിൽ വച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മീഡിയം ക്വാണ്ടിറ്റിയുള്ള അഞ്ച് ഗ്രാം എം ഡി എം എ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫിന്റെ സഹായത്തോടു കൂടിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മൂവരും ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരി മരുന്ന് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പൊലീസിനെ കണ്ട് ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരാജിന്റെ ചാരുംമൂട്ടിലുള്ള ബാർബർ ഷോപ്പിന്റെ മറവിലായിരുന്നു വ്യാപാരമെന്നും എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്കും സ്കൂൾ വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനാണ് പ്രതികൾ ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്ന് കടത്തിക്കൊണ്ടു വരുന്നതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, 20 എൽ എസ് ഡി സ്റ്റാമ്പ് കൊറിയർ വഴി എത്തിച്ച യുവാവിനെ പിടികൂടി. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 10 ഗ്രാമോളം എം ഡി എം എയും, കഞ്ചാവും, ഡിജിറ്റൽ ത്രാസ് എന്നിവയും എക്സൈസ് പിടികൂടി. കോഴിക്കോട് കുളത്തറ സ്വദേശിയായ സൽമാൻ ഫാരീസിനെ(25)യാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.