പ്യോങ്യാങ്: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ഉത്തരകൊറിയ. മറ്റു രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും ഉത്തരകൊറിയയിൽ മാസ്ക് അടക്കമുള്ളവ നിർബന്ധമായിരുന്നു. അതോടൊപ്പം അതിർത്തികളിൽ ലോക്ഡൗണും തുടർന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ തിയേറ്ററുകളിലും മറ്റ് കേന്ദ്രങ്ങളിലും മാസ്ക് ധരിക്കാതെ ആളുകൾ കൂട്ടമായി ഇറങ്ങിയിട്ടും രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങൾ ഇതെ കുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല.
ദീർഘകാലമായി മാസ്ക് ധരിക്കുന്നത് മൂലം ആളുകളുടെ തൊലിക്കും കണ്ണിനും പ്രശ്നങ്ങൾ വരാൻ തുടങ്ങിയതോടെയാണ് ഉത്തരകൊറിയൻ ഭരണകൂടം ഇത്തരമൊരു ഇളവ് കൊടുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ രാജ്യത്ത് ഫേസ്മാസ്കും സാമൂഹിക അകലം പാലിക്കലും അടക്കമുള്ളവ എടുത്തുകളഞ്ഞിരുന്നു.
കോവിഡിനെതിരെ വിജയം നേടിയതായി ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ ശേഷം പുറത്തിറങ്ങുമ്പോൾ ആളുകൾ മാസ്ക് ധരിക്കണമെന്ന് വീണ്ടും ഉത്തരവ് വന്നു. പനിയും മറ്റ് അനുബന്ധ രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.