ടോക്കിയോ: ഉത്തരകൊറിയ വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഈ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് മധ്യ, വടക്കൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ജപ്പാന്‍ സര്‍ക്കാര്‍.
ജെ-അലേർട്ട് എമർജൻസി ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അനുസരിച്ച് വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണ് ജപ്പാനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നോര്‍ത്ത് കൊറിയ വിക്ഷേപിച്ച മിസൈൽ ജപ്പാന്‍റെ മുകളിലൂടെ പോയി എന്ന് ജപ്പാന്‍ സർക്കാർ ആദ്യം അറിയിച്ചെങ്കിലും. പിന്നീട് ഈ റിപ്പോർട്ട് തെറ്റാണെന്ന് ജപ്പാന്‍ അറിയിച്ചു. മിസൈലുകൾ പസഫിക് സമുദ്രത്തിൽ എവിടെയോ പതിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡ് രാവിലെ 8:10 ന് സ്ഥിരീകരിച്ചു.
ഉത്തരകൊറിയ വിക്ഷേപിച്ചതായി സംശയിക്കുന്ന ബാലിസ്റ്റിക് മിസൈൽ കണക്കിലെടുത്ത് ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസും അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം തെക്കൻ കൊറിയയ്ക്ക് നേരെ മിസൈൽ തൊടുത്ത് വടക്കൻ കൊറിയ പ്രകോപനം നടത്തിയിരുന്നു. തെക്കൻ കൊറിയയുടെ സമുദ്രാതിർത്തി കടന്ന് മിസൈൽ പതിച്ചു. 1948ലെ കൊറിയൻ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് വടക്കൻ കൊറിയ, സമുദ്രാതിർത്തി
കടന്നുള്ള ആക്രമണം നടത്തുന്നത്. തിരിച്ചടിയായി ദക്ഷിണ കൊറിയ മൂന്ന് മിസൈലുകൾ തൊടുത്തു.
കൊറിയകൾ രണ്ടായതിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്നുളള മിസൈൽ ആക്രമണം. തെക്കൻ കൊറിയയിലെ ഇറ്റെവോണിൽ ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറ്റമ്പതിൽ അധികം പേർ ഞെരിഞ്ഞ് മരിച്ചതിന്റെ ആഘാതം മാറും മുമ്പാണ്, വടക്കൻ കൊറിയയുടെ പ്രകോപനം.
തൊടുത്തത് പത്തു മിസൈലുകൾ. എല്ലാം സമുദ്രാതിർത്തി കടന്ന് പതിച്ചു. വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിയതോടെ ദക്ഷിണ കൊറിയൻ അതിർത്തി അതീവ ജാഗ്രതയിലായി. ഗുരുതര അതിർത്തിലംഘനമെന്ന് വി വലയിരുത്തിയ തെക്കൻ കൊറിയ അതിവേഗം തിരിച്ചടിച്ചു . മൂന്ന് എയർ ടു സർഫസ് മിസൈലുകൾ പായിച്ചു കൊണ്ടാണ് രൂക്ഷമായ തിരിച്ചടി നൽകിയത്.