ടോക്കിയോ∙ ജപ്പാനുമുകളിലൂടെ മിസൈൽ പ്രയോഗിച്ച് ഉത്തര കൊറിയ. അഞ്ച് വർഷത്തിനിടെ ആദ്യമായാണു ജപ്പാനുമുകളിലൂടെ ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തുന്നത്. കിം ജോങ് ഉന്നിന്റെ ആണവപദ്ധതിയെക്കുറിച്ച് ആശങ്ക നിലനിൽക്കെയാണു പുതിയ പരീക്ഷണം. ജപ്പാന് 3,200 കിലോമീറ്റർ കിഴക്കു മാറി ശാന്തസമുദ്രത്തിലാണ് മിസൈൽ പതിച്ചത്.
പ്രാദേശിക സമയം 7.23ന് അയച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു. ജഗാങ് പ്രവിശ്യയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനു പുറത്തുള്ള സമുദ്രമേഖലയിലാണു പതിച്ചത്. ആകെ 4500 കി.മീ. ദൂരം സഞ്ചരിച്ച മിസൈൽ 970 കി.മീ. ഉയരം വരെയെത്തിരുന്നു.
നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണ കൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തു. മിസൈല്‍ ഭീഷണിയെത്തുടർന്ന് വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ ജപ്പാൻ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ട്രെയിൻ സർവീസുകളും റദ്ദാക്കി.
ജനുവരി മുതല്‍ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിര്‍ണായകമായിരുന്നു ജപ്പാനു മുകളിലൂടെ പോയ മിസൈല്‍. വാസോങ്-12 എന്ന മധ്യദൂര മിസൈൽ ആണ് വിക്ഷേപിച്ചതെന്ന് കരുതുന്നതായി ജപ്പാൻ പ്രതിരോധമന്ത്രി യസുകാഴു ഹമഡ പറഞ്ഞു. ഈ മിസൈലിന് അമേരിക്കന്‍ അധീനതയിലുള്ള പ്രദേശങ്ങളിൽ വരെ എത്താൻ ശേഷിയുണ്ട്. ഉത്തര കൊറിയയുടെ അപകടകരവും നിരുത്തവാദപരവുമായ നടപടിയെ ശക്തമായി അപലപിക്കുന്നതായി യുഎസ് അറിയിച്ചു.