ദില്ലി: ഉത്തരേന്ത്യയിൽ വീണ്ടും കാലവർഷം വീണ്ടും ശക്തമായതോടെ മഴക്കെടുതി അതിരൂക്ഷം. യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയർന്നതോടെ ഓൾഡ് യമുന ബ്രിഡ്ജ് അടച്ചു. ട്രെയിൻ ഗതാഗതം വഴിതിരിച്ചു വിട്ടു. ഹിമാചൽ പ്രദേശിൽ ഇന്നലെ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഗുജറാത്തിലും മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം മഴ ലഭിച്ച ജുനഗഢ് ജില്ലയിൽ പ്രളയ സാഹചര്യമാണ് ഉള്ളത്. വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. വാഹനങ്ങൾ ഒലിച്ച് പോയി. വിവിധ സംഭവങ്ങളിലായി ആറ് പേർക്ക് സംസ്ഥാനത്ത് മഴക്കെടുതിയിൽ ജീവൻ നഷ്ടമായെന്നാണ് കണക്ക്. സൗരാഷ്ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമാണ് സ്ഥിതി അതിരൂക്ഷം. ദ്വാരക, രാജ്കോട്ട്, ഭാവ്നഗർ, വൽസാഡ് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. ജുനഗഢ് ജില്ലയിൽ 3000 പേരെ മാറ്റിപ്പാർപ്പിച്ചു.
കേരളത്തിലും ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുകയാണ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. 3 ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമർദ്ദവുമാണ് വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ കാരണം. നിലവിലെ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.