പിതാവിനെതിരെ ഗുരുത ആരോപണമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു രംഗത്ത് എത്തിയിരുന്നു. മാധ്യമപ്രവർത്തക ബർക്ക ദത്തയുമായുള്ള അഭിമുഖത്തിലാണ് സ്വന്തം പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.എട്ടു വയസ് മുതലാണ് പീഡനം നേരിട്ടു തുടങ്ങിയതെന്നും എന്നാൽ പതിനഞ്ചാം വയസിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ ധൈര്യം വന്നതെന്നും ഖുശ്ബു അഭിമുഖത്തിൽ പറഞ്ഞു. ഭാര്യയെയും മക്കളെയും തല്ലുകയും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു തന്റെ അച്ഛനെന്നും ദുരനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ തന്റെ തുറന്നു പറച്ചിൽ യാതൊരു ഖേദവുമില്ലെന്ന് പറയുകയാണ് ഖുശ്ബു. എ.എൻ.ഐയോടാണ് ഇക്കാര്യം പറഞ്ഞത്. താൻ ജീവിതത്തിൽ നേരിട്ട ദുരനുഭവമാണ് പറഞ്ഞത്. അതിൽ തനിക്കൊരു നാണക്കേടുമില്ല. പറഞ്ഞത് മോശമാണെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.
‘ഞാനൊരു ഞെട്ടിക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം സത്യസന്ധമായി തുറന്നു പറയുകയാണ് ചെയ്തത്. അതിൽ എനിക്കൊരു നാണക്കേടുമില്ല. യഥാർഥത്തിൽ കുറ്റം ചെയ്ത വ്യക്തിക്കാണ് നാണക്കേട് തോന്നേണ്ടത്.
എനിക്ക് സംഭവിച്ചത് തുറന്ന് പറയാൻ കുറെ സമയം വേണ്ടി വന്നു. എന്നാൽ സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വരുന്ന ഇത്തരം സംഭവങ്ങൾ തുറന്ന് പറയണം. നിങ്ങൾ ശക്തരായിരിക്കണം. ജീവിതത്തിലുണ്ടാവുന്ന വീഴ്ചകൾ അവസാനമാണെന്ന് വിചാരിക്കരുത്’ അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.