ന്യൂഡൽഹി: ഗുസ്തിതാരങ്ങൾ ആവശ്യപ്പെടുന്നത് പോലെ ബ്രിജ് ഭൂഷനെ ഇപ്പോൾ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡൽഹി പൊലീസ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാനുള്ള തെളിവില്ലെന്നാണ് ഡൽഹി പൊലീസ് വാദം. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ഇതുവരെ ആവശ്യമായ തെളിവുകൾ ബ്രിജ് ഭൂഷനെതിരെ ലഭിച്ചിട്ടില്ല. 15 ദിവസത്തിനുള്ളിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകും. ചാർജ് ഷീറ്റിന്റെ രൂപത്തിലോ റിപ്പോർട്ടിന്റെ രൂപത്തിലോ ആയിരിക്കും അത് നൽകുക. ഗുസ്തിതാരങ്ങളുടെ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ആറ് തവണ എം.പിയായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സാധിക്കില്ല. ബ്രിജ് ഭൂഷനെ സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധത്തിനിടെ നാടകീയസംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗ നദിയിൽ ഉപേക്ഷിക്കാൻ ഒരുങ്ങിയിരുന്നു. തുടർന്ന് കർഷക നേതാക്കളെത്തി ഗുസ്തിതാരങ്ങളെ തടയുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും കർഷക നേതാക്കൾ ഉറപ്പ് നൽകി.