അബുദാബി: ഒമിക്രോണോ കൊവിഡിന്റെ മറ്റേതെങ്കിലും വകഭേദമോ മൂലം യുഎഇ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണ്. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പോലും രാജ്യം ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും സന്തുലിതാവസ്ഥയിലായിരുന്നു. ഇനി വരും ഭാവിയില്‍ കൊവിഡ് വകഭേദങ്ങള്‍ ഉണ്ടായാലും രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് മന്ത്രി വിശദമാക്കി. 2021 നിര്‍ണായകവും സമ്പദ് രംഗത്തെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനാത്മകവും പോസിറ്റീവും ആയിരുന്നു. 2022ഉം മികച്ച രീതിയിലാണ് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.