കൊച്ചി: ഹോസ്റ്റൽ സൗകര്യമില്ലെന്ന പരാതി ഉയർത്തി കുസാറ്റിൽ കിടക്ക വിരിച്ച് രാത്രി ഉറങ്ങി കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥി സമരം. പുതിയ ഹോസ്റ്റൽ അനുവദിക്കാത്തതും വിദ്യാർത്ഥികൾക്കുള്ള ഗസ്റ്റ് ക്വോട്ട വെട്ടിചുരുക്കിയതുമാണ് പ്രതിഷേധത്തിന് കാരണം. ക്യാംപസിലെ സ്റ്റുഡന്‍റ് സെന്‍ററിന് മുന്നിലാണ് രാത്രി വിദ്യാർത്ഥികൾ സമരമിരുന്നത്.
കുസാറ്റിൽ സ്വാശ്രയ മേഖലയിൽ ഉൾപ്പടെ പുതിയ കോഴ്സുകൾ എത്തുന്നുണ്ട്. എന്നാൽ അതിനനുസരിച്ച് ഹോസ്റ്റൽ മുറികളില്ല. ഫലമോ ഫീസിന് പുറമെ ആയിരങ്ങൾ നൽകി വിദ്യാർത്ഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വരുന്നു. പഠനത്തോടൊപ്പം ക്യാംപസിൽ താമസിച്ച് പഠിക്കാനുള്ള അവകാശം ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സ്റ്റുഡന്‍റ് അമിനിറ്റി സെന്‍ററിൽ കിടക്ക വിരിച്ച് സമരം ചെയ്തത്.
ഹോസ്റ്റൽ മുറി കിട്ടാത്തവർക്ക് ഗസ്റ്റ് ക്വോട്ട വഴി മുറിയിൽ തങ്ങാൻ അനുവാദം കിട്ടിയിരുന്നു. രണ്ട് പേർക്ക് രണ്ട് പേരെ വീതം അനുവദിച്ചിരുന്ന ക്വോട്ട 30 ശതമാനമാക്കി സർവ്വകലാശാല വെട്ടിച്ചുരുക്കി. ഇതോടെ ആദ്യം ക്ലാസ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യം കിട്ടിയത്. ഇനി കോഴ്സ് തുടങ്ങാൻ പോകുന്നവർ പുറത്ത് താമസിക്കേണ്ട അവസ്ഥയാണ്. ഈ സർക്കുലർ കത്തിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. കുസാറ്റിലെ ഫീസ് വളരെ വലുതാണ്. പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷനെ വെല്ലുന്ന ഫീസാണ്. ഇവിടെ ഏകെ ആശ്വാസം ഹോസ്റ്റലാണ്. എന്നാൽ ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സെനറ്റ് അംഗം കുര്യൻ പറഞ്ഞു.
ഗസ്റ്റിനെ കയറ്റാൻ അതിന് വേണ്ടി ഫോം ഉണ്ട്. പക്ഷേ നൂലാമാലകൾ പലതാണ്. അതൊക്കെ കഴിഞ്ഞെ ഒരു വിദ്യാർത്ഥിക്ക് ഹോസ്റ്റലിലേക്ക് കയറാനാകു. എന്തിനാണ് ഈ സർക്കുലറെന്ന് മനസിലാകുന്നില്ലെന്ന് കുസാറ്റ് കെഎസ് യു പ്രവർത്തക മിൽക്ക പറയുന്നു. പിജി,എഞ്ചിനീയറിംഗ് കോഴ്സുകളിലായി 7 ഹോസ്റ്ററുകളാണ് ക്യാംപസിലുള്ളത്. പുതിയ ഹോസ്റ്റലിനുള്ള നടപടിയുമില്ല,നിലവിലെ ഹോസ്റ്റലിലെ ക്വാട്ടയും വെട്ടിക്കുറച്ചു. ഇക്കാര്യം ഉയർത്തി തുടർസമരങ്ങൾക്കാണ് കെ എസ് യു തീരുമാനം.