ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടിയതിനുപിന്നാലെ പ്രതികരണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിജയത്തിന് ഡൽഹിയിലെ ജനങ്ങളോട് നന്ദി പറഞ്ഞ സിസോദിയ ഇത് വെറുമൊരു വിജയമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെ എ.എ.പി തോൽപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളെ നന്ദി അറിയിച്ചിരുന്നു. അഴിമതി തുടച്ചുനീക്കാനും ഡൽഹിയെ മാലിന്യമുക്തമാക്കാനുമുള്ള ശ്രമം തുടരുമെന്നും കെജ്രിവാൾ പറഞ്ഞു. സുഗമമായ ഭരണത്തിനായി കേന്ദ്രസർക്കാരിന്‍റെ സഹകരണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രവുമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 15വർഷത്തെ ബി.ജെ.പി ഭരണത്തിനാണ് എ.എ.പി അന്ത്യം കുറിച്ചിരിക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും വിജയിച്ച ബി.ജെ.പിയെ 100 സീറ്റിൽ ഒതുക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മിന്നും വിജയം സ്വന്തമാക്കിയത്. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഡിസംബർ 4 ന് നടന്നതെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.