കൊച്ചി : വന്ദേ ഭാരതും വാട്ടർമെട്രോയും അടക്കം വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നാളെ കേരളത്തിൽ. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള യുവം അടക്കമുളള പരിപാടികളിലും മോദി പങ്കെടുക്കും. കർദീനാൾ മാർ ആലഞ്ചേരിയടക്കം എട്ട് സഭാ അധ്യക്ഷൻമാരുമായി നാളെ വൈകീട്ട് കൊച്ചിയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജനബാഹുല്യം കണക്കിലെടുത്ത് മോദിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരവും കൂട്ടിയിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി രാത്രി ഏഴിനാണ് ക്രൈസ്തവ സഭാമേലധ്യക്ഷൻമാരെ കാണുക. കൊച്ചി താജ് വിവാന്ത ഹോട്ടലാണ് കൂടിക്കാഴ്ച. കർദിനാൾ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ്. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ, യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ്,ലത്തീൻ സഭാ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിൽ, ക്നാനായ കത്തോലിക്കാ സഭാ ബിഷപ് മാത്യു മൂലക്കാട്ട്, ക്നാനായ സിറിയൻ സഭാ ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് കൽദായ സുറിയാനി സഭാ ബിഷപ് ഔജിൻ കുര്യാക്കോസ് എന്നിവരാകും കൂടിക്കാഴ്ചയ്ക്കെത്തുക. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുളള ബിജെപിയുടെ രാഷ്ടീയ നീക്കത്തിന്‍റ ഭാഗമായിട്ടുകൂടിയാണ് കൂടിക്കാഴ്ച.