വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ചീര പോലെയുള്ള ഇലക്കറികള്‍ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ളവയാണ് ഇലക്കറികള്‍. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ കലോറിയും കുറവാണ്. അതിനാല്‍ ഇലക്കറികള്‍ ഡയറ്റില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്…
മുഴുധാന്യങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓട്സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളില്‍ കലോറി കുറവാണ്. കൂടാതെ, ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്…
മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിനോ ആസിഡും വിറ്റാമിന്‍ ബിയും മറ്റും അടങ്ങിയ മുട്ടയും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.
നാല്…
ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പകുതി കപ്പ് ബ്ലൂബെറി, സ്ട്രോബെറി, റാസബെറി തുടങ്ങിയവയില്‍ 32 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.
അഞ്ച്…
സിട്രസ് പഴങ്ങളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ആറ്…
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാം, വാള്‍നട്സ് തുടങ്ങിയവയില്‍ ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.