ലഖ്നോ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിന് തനിക്ക് ഇതുവരെയും ക്ഷണം ലഭിച്ചിട്ടില്ലെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. ലഖ്നോവിൽ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം. കൊറിയറിലാണ് ക്ഷണക്കത്ത് അയച്ചതെന്ന് ചിലർ പറഞ്ഞു. പക്ഷേ തനിക്ക് അത്തരത്തിലൊരു ക്ഷണക്കത്ത് ഇതുവരെ കിട്ടിയിട്ടില്ല. ഭഗവാൻ രാമന്റെ പേരിൽ തന്നെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊറിയറാണ് അയച്ചതെങ്കിൽ അതിന്റെ റെസീപ്റ്റ് പങ്കുവെക്കു.താൻ കൊറിയർ ട്രാക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കൊറിയർ വഴി ക്ഷണക്കത്ത് അയച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് താൻ നിരവധി തവണ അത് പരിശോധിച്ചിരുന്നു. പാർട്ടി ഓഫീസിലുള്ളവരോടും കൊറിയർ വന്നോവെന്ന് അന്വേഷിച്ചു. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിക്ക് സഹിഷ്‍ണുതയും സ്വീകാര്യതയുമില്ല. സ്വാമിവിവേകാനന്ദന്റെ ആശയങ്ങളാണ് എല്ലാവരും പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിശ്വഹിന്ദു പരിഷത് അധ്യക്ഷൻ അലോക് കുമാർ അഖിലേഷ് യാദവിന് ക്ഷണക്കത്ത് നൽകിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രാമക്ഷേത്രം ദൈവത്തിന്റെ പരിപാടിയാണെന്നും ക്ഷണം ലഭിച്ചാൽ താൻ പോകുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.