തിരുവനന്തപുരം: കെഎംഎസ്‍സിഎൽ തീപിടുത്തത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും.
”ഇത് സംബന്ധിച്ച് കെഎംഎസ്‍സിഎൽ പ്രാഥമികമായ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്. കെഎംഎസ്‍സിഎൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് പ്രചരിക്കുന്ന വാർത്തകളോ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലോ ഒരു വാസ്തവവുമില്ല, കൊവിഡുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വസ്തുവും ഇതുമായി ബന്ധപ്പെട്ട് കത്തിനശിക്കുകയോ കത്തുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ്. ബാക്കി കാര്യങ്ങൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം പറയാം. പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കും അന്വേഷണം ഏകോപിപ്പിക്കുക”. വീണ ജോർജ്ജ് വാർത്താസമ്മേളനത്തിൽ വിശദമാക്കി.
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തത്തിൽ ഗുരുതര ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. തീപ്പിടുത്തത്തിന് കാരണം ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡർ ആണെന്നാണ് വിവരം പുറത്ത് വന്നത്. ഇത് കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ട്. തെളിവ് നശിപ്പിച്ച ശേഷം ബ്ലീച്ചിങ് പൗഡർ തിരികെക്കൊടുക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചൂട് കൂടുതലാണ് തീപ്പിടത്തത്തിന് കാരണമെങ്കിൽ ചൂടുകുറഞ്ഞ രാത്രിയിൽ തീപ്പിടുത്തം എങ്ങനെ ഉണ്ടായി? സംഭരിച്ചു വെച്ച സമയത്ത് തീപ്പിടിക്കാതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.
മെയ് 17 നാണ് കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. രാത്രി എട്ടരയ്ക്കാണ് തീപിടുത്തം ഉണ്ടായത്. ബ്ലീച്ചിങ് പൗഡറിൽ കത്തിയാണ് തീപിടുത്തമുണ്ടായതെന്നാണ് ഗോഡൗണ്‍ ജീവനക്കാർ പറയുന്നത്. എന്നാൽ സംഭരണ കേന്ദ്രത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പിന്നീട് ആലപ്പുഴയിലും വണ്ടാനത്തും ഗോഡൌണുകളില്‍ തീപിടുത്തമുണ്ടായി.