തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ധൂർത്തും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയ നോട്ടീസ് അങ്കമാലി എംഎൽഎ റോജി എം ജോണാണ് മുന്നോട്ട് വച്ചത്. മുൻപ് പല വട്ടം ചർച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കിൽ ഒരിക്കൽ കൂടി ചർച്ചയാകാമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഇതോടെയാണ് പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി യാഥാർത്ഥ്യമാണെന്നും ഇതിനുള്ള കാരണങ്ങൾ ജനത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാനുമാണ് സർക്കാർ ഇത് അവസരമായി കണ്ടത്. അതിനാലാണ് പ്രതിപക്ഷത്തോട് ചർച്ചയാകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക. സോളാർ വിഷയത്തിലെ ചർച്ചയും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം സഭ നിർത്തിവച്ച് ചർച്ച ചെയ്തിരുന്നു.