ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നല്‍കിയ ചായ തണുത്തുപോയി എന്ന പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ജൂനിയര്‍ സപ്ലൈ ഓഫീസര്‍ രാകേഷ് കനൗഹയോടാണ് വിശദീകരണം തേടിയത്. വി.ഐ.പി ഡ്യൂട്ടിയിലെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് ആരോപണം. അതേസമയം സംഭവം വാര്‍ത്തയായതോടെ പ്രതിപക്ഷം അടക്കം സംഭവത്തിനെതിരെ രംഗത്ത് എത്തി. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെനോട്ടീസ് അധികൃതര്‍ പിന്‍വലിച്ചു.നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശേഷം പ്രഭാത ഭക്ഷണത്തിനായി ഖജുരാഹോ വിമാനത്താവളത്തിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് ജീവനക്കാരന്‍ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ നല്‍കിയതെന്നാണ് ആരോപണം.
സമയം കുറവായിരുന്നതിനാല്‍ മുഖ്യമന്ത്രി ചായ കുടിച്ചില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരന്റെ ‘അനാസ്ഥ’യ്ക്കു നല്‍കിയ നോട്ടീസ് മറ്റ് ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ചായയും പ്രഭാത ഭക്ഷണവും നല്‍കേണ്ടത് രാകേഷിന്റെ ചുമതലയായിരുന്നുവെന്നും അതില്‍ വരുത്തിയ അശ്രദ്ധ വി.ഐ.പി ഡ്യൂട്ടി പാലിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോളുകളുടെ ലംഘനമായിരുന്നുവെന്നുമാണ് രാകേഷിന് അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു.
നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലയാതോടെ, നടപടിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തി. സാധാരണക്കാരന് റേഷന്‍ കിട്ടിയില്ലെങ്കിലും ആംബുലന്‍സ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ മുഖ്യമന്ത്രിയ്ക്ക് തണുത്ത ചായ കൊടുത്തതാണ് രാജ്യത്തെ ‘ഗുരുതര പ്രശ്‌നം’ എന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജെയുടെ പ്രതികരണം.