ന്യൂഡൽഹി : കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് ആണ് കോടതി നോട്ടീസ് അയച്ചത്.
നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകൾ 2019-ൽ സുപ്രീം കോടതിയിൽ, കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഇത് വരെയും തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എൻഡോസൾഫാൻ ഇരകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019-ലെ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതുവരെയും നഷ്ടപരിഹാര വിതരണം സംസ്ഥാന സർക്കാർ നടത്താത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. കോടതി അലക്ഷ്യ ഹർജിയുടെ പകർപ്പ് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസലിന് കൈമാറാനും ബെഞ്ച് നിർദേശിച്ചു. ഇരകൾക്ക് വേണ്ടി അഭിഭാഷകൻ പി.എസ്. സുധീർ ഹാജരായി.