തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെ റയിലിൽ 3 ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്. കാസർഗോഡ് ജില്ലയിൽ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളിലെ പ്രദേശങ്ങളിലാണ് വിജ്ഞാപനം ഇറങ്ങിയത്. എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരത്ത് തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുമാണ് വിജ്ഞാപനം. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ കേരള വോളണ്ടറി ഹെൽത്ത് സർവ്വീസിനും, എറണാകുളത്ത് രാജഗിരി ഔട്ട്റീച്ച് സൊസൈറ്റിയ്ക്കുമാണ് പഠന ചുമതല. നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.
അതേസമയം സിൽവർലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിനുള്ള നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും നൽകും. രണ്ടു വര്‍ഷത്തിനകം ഭൂമിയേറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ നഷ്ടപരിഹാരമല്ല പ്രശ്നമെന്നും പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നത്തിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും സംയുക്തസമരസമിതി പ്രഖ്യാപിച്ചു. സിൽവർലൈനിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴാണ് സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചത്. വീട് നഷ്ടപ്പെടുന്നവർക്കും സ്ഥലം പോകുന്നവർക്കും വാടകവീട് നഷ്ടമാകുന്നവർക്കുമെല്ലാം നിശ്ചിത തുക നീക്കിവെച്ചു. വാസസ്ഥലം നഷ്ടമാകുന്നവർക്ക് രണ്ട് തരം പാക്കേജാണ്. ഒന്ന് നഷ്ടപരിഹാരവും നാലുലക്ഷത്തി അറുപതിനായിരം രൂപയും. അല്ലെങ്കിൽ നഷ്ടപരിഹാരവും ഒരു ലക്ഷത്തി അറുപതിനായരിവും ലൈഫ് മാതൃകയിൽ വീടും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്രർക്ക് നഷ്ടപരിഹാരവും അഞ്ച് സെൻറ് ഭൂമിയും ലൈഫ് മാതൃകയിൽ വീടുമാണ് വാഗ്ദാനം. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ച് സെൻറ് ഭൂമിയും നാലു ലക്ഷവും. അതുമല്ലെങ്കിൽ നഷ്ടപരിഹാരവും പത്ത് ലക്ഷവും.
കാലിത്തൊഴുത്തുകൾ നഷ്ടമാകുന്നതിന് അൻപതിനായിരം. വാടകക്കെട്ടട്ടിലെ വാണിജ്യസ്ഥാപനങ്ങൾ നഷ്ടമാകുന്നവർക്ക് രണ്ട് ലക്ഷം. വാസസ്ഥലം നഷ്ടമാകുന്ന വാടകതാമസക്കാർക്ക് മുപ്പതിനായിരം. തൊഴിൽ നഷ്ടമാകുന്ന ചെറുകച്ചവടക്കാർ കരകൗശലപണിക്കാർ എന്നിവർക്ക് അൻപതിനായിരം. പെട്ടികടകൾക്ക് 25000 മുതൽ അൻപതിനായിരം വരെ. പുറമ്പോക്ക് ഭൂമിയിലെ താമസക്കാർക്ക് ചമയങ്ങളുടെ വിലയും അയ്യായിരും രൂപ വീതം ആറുമാസവും നൽകും. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായവർക്ക് പദ്ധതിയിലെ നിയമനങ്ങളിൽ പരിഗണന ഉണ്ടാകുമെന്നും പാക്കേജിൽ പറയുന്നു. അതേ സമയം പാക്കേജ് കൊണ്ട് പ്രതിഷേധം തണുപ്പിക്കാനാകില്ലെന്നാണ് സമരസമിതി നിലപാട് സംസ്ഥാന നയപ്രകാരമുള്ള ആനുകൂല്യങ്ങളെക്കാൾ കൂടുതലാണ് സിൽവർലൈൻ പാക്കേജെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കൂടുതലായി നൽകുന്ന നഷ്ടപരിഹാരം എങ്ങിനെ നിശ്ചയിക്കും അത് എത്രയായിരിക്കും എന്നതിൽ വ്യക്തതയില്ല.