തിരുവനന്തപുരം: യു.ജി.സിയുടെ പുതുക്കിയ പി.ജി പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം പി.ജി പഠനം പൂർണമായും ഓൺലൈൻ വഴി പൂർത്തിയാക്കാം. മറ്റു ചുമതലകൾ നിർവഹിച്ചുതന്നെ കോഴ്സ് പൂർത്തിയാക്കാൻ ഇതു സഹായകരമാകും. ഒരേസമയം രണ്ട് പി.ജി കോഴ്സുകളും ചെയ്യാം.
ഇതിൽ ഒന്ന് ഫുൾടൈം ആയും രണ്ടാമത്തേത് ഒാപൺ/വിദൂര വിദ്യാഭ്യാസ രീതിയിലുമായിരിക്കണം. രണ്ട് കോഴ്സുകൾക്കും ഒരേസമയം ക്ലാസ് വരുന്ന രീതിയുണ്ടാകരുത്. വിഷയാനുബന്ധ മേഖലയിൽ കോഴ്സിന്റെ ഭാഗമായി നേടുന്ന പ്രവൃത്തിപരിചയം പി.ജി നേടുന്നതിനുള്ള ക്രെഡിറ്റാക്കി മാറ്റാനും വ്യവസ്ഥയുണ്ട്. ഇതിനായി വിലയിരുത്തൽ രീതിയും ചട്ടക്കൂട് മുന്നോട്ടുവെക്കുന്നുണ്ട്.
നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ എം.ടെക്/ എം.ഇ പഠനത്തിന് ചേരാനും അനുമതി നൽകിയിട്ടുണ്ട്. മൂന്നു വർഷ ബിരുദവും രണ്ടു വർഷ പി.ജിയും പൂർത്തിയാക്കുന്നവർക്കും അഞ്ചു വർഷ സംയോജിത ബിരുദ-പി.ജി പഠനം പൂർത്തിയാക്കുന്നവർക്കും എം.ടെക്/എം.ഇ കോഴ്സുകൾക്ക് ചേരാനുള്ള അവസരവുമുണ്ട്.