വൈന്‍ സിപ്പ് ചെയ്ത് ജോലി ചെയ്യാന്‍ അല്ലെങ്കില്‍ അല്പം ബീയര്‍ നുണഞ്ഞ് കൊണ്ട് ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഇന്ന് വളരെ കുറവായിരിക്കും. അത്തരമൊരു ആഗ്രഹമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ഹരിയാനയിലെ ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനിയിലേക്ക് ഒരു ജോലിക്ക് ശ്രമിക്കാവുന്നതാണ്. അതെ, കോർപ്പറേറ്റ് ഓഫീസുകളിലെ ജീവനക്കാർക്കും അതിഥികൾക്കും ബിയറും വൈനും ഉൾപ്പെടെയുള്ള കുറഞ്ഞ വീര്യമുള്ള മദ്യം വിളമ്പാന്‍ ഹരിയാന സര്‍ക്കാര്‍ അനുമതി നല്‍കി. 2023-24 എക്സൈസ് നയത്തിന് അംഗീകാരം നല്‍കിയതോടെയാണ് ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ വീര്യം കുറഞ്ഞ മദ്യവിതരണത്തിന് വഴി തുറന്നത്. എന്നാല്‍, ഇതിനായി ജൂണ്‍ 12 വരെ കാത്തിരിക്കണമെന്ന് മാത്രം. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളിൽ വീര്യം കുറഞ്ഞ മദ്യം നൽകാൻ അനുമതി നല്‍കുന്നത്.
നിലവിലെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളിലും ബിയറും വൈനും വിളമ്പാന്‍ കഴിയില്ല. അതിന് പ്രത്യേക നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോർപ്പറേറ്റ് ഓഫീസുകളില്‍ മാത്രമേ ഇത് ബാധകമാകൂ. തീര്‍ന്നില്ല, സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഒരു കെട്ടിടത്തിൽ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഓഫീസിന് ഉണ്ടായിരിക്കണമെന്നും പുതിയ എക്സൈസ് നയത്തില്‍ പറയുന്നു. ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമം ബാർ ലൈസൻസുകളുടേതിന് തുല്യമായിരിക്കും. എക്‌സൈസ്, ടാക്‌സേഷൻ കമ്മീഷണർ വ്യക്തമാക്കിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി 10 ലക്ഷം രൂപ വാർഷിക നിശ്ചിത ഫീസ് അടച്ചാൽ ലൈസൻസ് അനുവദിക്കും. ലൈസൻസിന് പുറമെ ലൈസൻസിക്കായി 3 ലക്ഷം രൂപയും നൽകണം. ലൈസൻസുള്ള പരിസരം ഒരു പൊതുവഴിയോ അല്ലെങ്കിൽ പൊതുജനങ്ങൾ പതിവായി വരുന്ന ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കുന്നതോ ആയിരിക്കരുതെന്നും നിഷ്ക്കര്‍ഷിക്കുന്നു.