മുംബൈ ഭീകരാക്രമണത്തിന് 14 വര്‍ഷം പിന്നിടുമ്പോള്‍ ഗൂഡാലോചന നടത്തിയവരോട് ഒരിക്കലും ക്ഷമിക്കരുത് അവരെ പിന്തുടര്‍ന്ന് പിടികൂടണമെന്ന് എന്‍എസ്ജി ഹീറോയും മുന്‍ സൈനികന്‍ ലെഫ് കേണല്‍ സന്ദീപ് സെന്‍. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ നരിമാന്‍ ഹൌസില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയുടെ ചുമതല വഹിച്ച വ്യക്തിയാണ് സന്ദീപ് സെന്‍. മുംബൈ ഭീകരാക്രമണ വാര്‍ഷികം സംബന്ധിയായി ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് സെന്നിന്‍റെ പ്രതികരണം.
26/11 ന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയാണ് എന്നത് പരസ്യമായ കാര്യമാണ്. ലക്ഷ്കറെ ത്വയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേര്‍ന്നായിരുന്നു മുംബൈ ഭീകരാക്രമണം നടത്തിയത്. ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍മാരാണ്, പ്രതികള്‍ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. 140ല്‍ അധികം ആളുകള്‍ക്കാണ് മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ശക്തമായ ഒരു രാജ്യം എന്ന നിലയ്ക്ക് നാം അവരോട് ക്ഷമിക്കരുത്. എന്ത് വിലകൊടുത്തും അവരെ തേടിക്കണ്ടെത്തണം. അവരെ വെറുതെ വിട്ടാല്‍ അവരുടെ പദ്ധതി ജയിച്ചുവെന്ന തോന്നലാവും ഗൂഡാലോചന നടത്തിയവര്‍ക്കുണ്ടാവുകയെന്നും സന്ദീപ് സെന്‍ പറയുന്നു. രാജ്യം പകരം ചോദിച്ചില്ലെങ്കില്‍ തീവ്രവാദികള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് തുടരും. തിരിച്ചടിക്കാന്‍ കഴിവില്ലാത്ത രാജ്യമായി ആവും അവര്‍ നമ്മളെക്കുറിച്ച് ധരിക്കുകയെന്നും സന്ദീപ് സെന്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണം ചെറുക്കുന്നതിലെ നയ രൂപീകരണത്തില്‍ പ്വര്‍ത്തിച്ച മേജര്‍ ജനറല്‍ അശോക് കുമാറിനും സമാന അഭിപ്രായമാണുള്ളത്. കര മാര്‍ഗമുള്ള ആക്രമണങ്ങള്‍ നേരിടുന്നതിലുമധികമായി കടലിലൂടെയുള്ള ആക്രമണം ചെറുക്കാനാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഈ മേഖലയില്‍ ആവശ്യമാണ്. മത്സ്യ ബന്ധന ബോട്ടുകളില്‍ നിരീക്ഷണ സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.