ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയുടെ ചോദ്യം ചോർന്നെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനമില്ലാത്തതാണെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ചോദ്യം ചോർന്നെന്ന് സമൂഹ മാധ്യമങ്ങളിലാണ് വ്യാപക പരാതി ഉയർന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചോദ്യപേപ്പറുകൾക്ക് യഥാർഥ ചോദ്യപേപ്പറുമായി ബന്ധമില്ലെന്നും എൻ.ടി.എയുടെ സുരക്ഷ മാനദണ്ഡപ്രകാരം പരിശോധിച്ചതിന് ശേഷമാണ് ഈ വിലയിരുത്തലെന്നും എൻ.ടി.എ സീനിയർ ഡയറക്ടർ സാധന പരാശർ പറഞ്ഞു. പരീക്ഷാകേന്ദ്രങ്ങളുടെ ഗേറ്റ് അടച്ചാൽ പുറത്തുനിന്നുള്ള ആർക്കും സി.സി.ടി.വി നിരീക്ഷണമുള്ള അകത്ത് പ്രവശിക്കാനാവില്ല.
പരീക്ഷയുടെ നടപടിക്രമങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. രാജസ്ഥാനിലെ 120 വിദ്യാർഥികളുടെ പരീക്ഷ വീണ്ടും നടത്തിയെന്നും അവർ വ്യക്തമാക്കി.
രാജസ്ഥാനിലെ സവായ് മധേപൂരിലെ സ്കൂളിൽ ഹിന്ദി മീഡിയത്തിൽ പരീക്ഷയെഴുതേണ്ട വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ചോദ്യക്കടലാസ് മാറി നൽകിയിരുന്നു. വൈകീട്ട് നാലോടെ ചില കുട്ടികൾ ഹാൾ വിട്ടിറങ്ങുകയായിരുന്നു. നീറ്റ് നിയമാവലിപ്രകാരം പരീക്ഷ കഴിഞ്ഞശേഷമേ വിദ്യാർഥികൾ പുറത്തുപോകാൻ പാടുള്ളൂ. ഇവരുടെ ചോദ്യക്കടലാസുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതിനകം പരീക്ഷ തുടങ്ങിയതിനാലും വിദ്യാർഥികൾ പരീക്ഷാ ഹാളിലായിരുന്നതിനാലും ഇത് ചോദ്യ ചോർച്ചയല്ലെന്നായിരുന്നു എൻ.ടി.എ നേരത്തെ വിശദീകരിച്ചത്. ഈ സ്കൂളിലെ 120 വിദ്യാർഥികളുടെ പരീക്ഷയാണ് വീണ്ടും നടത്തിയത്. ഞായറാഴ്ച രാജ്യത്തെയും വിദേശത്തെയും 4,750 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടന്നത്.