തിരുവനന്തപുരം : സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ പേരിൽ വ്യാപക റെയ്‌ഡ്. കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പേരിലാണ് നടപടി. ആറ് പേർ കസ്റ്റഡിയിലായി. ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു. സംസ്ഥാന പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പോലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്‍റെ ഒരോഘട്ടവും പുരോഗമിക്കുന്നത്. ഓപ്പറേഷന് പി ഹണ്ടിൽ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയകളിലൂടെ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.