കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എനിവരുടെ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും. എന്നാൽ പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. നിർണ്ണായകമായ ചില ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ പ്രതികൾ വ്യക്തമാക്കിയിരുന്നു.
2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളുടെ അറസ്റ്റ്, കേസ് പരിഗണിക്കുന്നത് വരെ ഉണ്ടാകില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.












