ഗുവാഹത്തി: സംസ്ഥാനത്ത് മദ്റസകളുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്നും മദ്റസകൾക്ക് രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ശ്രമിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്റസകൾ കുറച്ചുകൊണ്ടുവരികയാണ് ആദ്യലക്ഷ്യം. പിന്നീട് മദ്റസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്തും. മദ്റസകളിൽ രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തിയാകും സർക്കാർ ശ്രമമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഭാസ്‌കർ ജ്യോതി മഹന്തിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ചെറിയ മദ്റസകളെ വലിയ മദ്റസകളുമായി ലയിപ്പിക്കുമെന്നും മദ്റസകൾ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഭീഷണി അവസാനിപ്പിക്കുമെന്നുമായിരുന്നു ഡിജിപിയുടെ പ്രസ്താവന. 68 മദ്റദ്രസകളുമായി സംസാരിച്ചെന്നും ചെറിയവ വലിയവയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും ഡിജിപി വ്യക്തമാക്കി.
നൂറോളം ചെറിയ മദ്രസകൾ വലിയവയിൽ ലയിച്ചു. മദ്റസകളുടെ വിവരങ്ങൾ കണ്ടെത്താൻ സർവേകളും നടക്കുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ (എക്യുഐഎസ്) അൻസാറുൾ ബംഗ്ലാ ടീം (എബിടി), അൽ-ഖ്വയ്ദ എന്നിവയുടെ ഒമ്പത് ഘടകങ്ങളെ അസം പൊലീസ് കഴിഞ്ഞ വർഷം തകർത്തതായും ഭീകരരെന്ന് സംശയിക്കുന്ന 53 പേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തതായും ഡിജിപി പറഞ്ഞു. അറസ്റ്റിലായവരിൽ പലരും സ്വകാര്യ മദ്റസകളിലെ അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു.
ചില മദ്റസകളുടെ പ്രവർത്തനം പരിശോധിക്കാൻ മുസ്ലീം നേതാക്കൾ അധികൃതരെ സമീപിച്ചു. 68 സമുദായ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ മദ്റസകളിൽ വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവരാൻ ധാരണയായി. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഒരു മദ്റസ മാത്രമേ ഉണ്ടാകൂ. അമ്പതോ അതിൽ താഴെയോ വിദ്യാർത്ഥികളുള്ള മദ്റസകൾ സമീപത്തെ വലിയവയുമായി ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബിക് പഠിപ്പിക്കുന്നതിനു പുറമേ, പരിഷ്കരിച്ച പാഠ്യപദ്ധതി ആധുനിക വിദ്യാഭ്യാസവും നൈപുണ്യ വികസനവും പഠിപ്പിക്കും.