ദില്ലി : പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെയുണ്ടായ ഭീഷണിയില്‍ ദില്ലി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപുർ ശർമ്മ പറഞ്ഞിരുന്നു. ‘എന്‍റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്‍റെ കുടുംബത്തിന് നേരെ ഭീഷണിയുണ്ട്’. ഇന്നലെ വൈകിട്ട് മുപുര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദില്ലി പോലീസ് കേസ് എടുത്തിരിക്കുന്നത്.
ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് പരാമർശം നടത്തിയതിന് ബിജെപി വക്താവായ നുപുർ ശർമ്മയെ പാര്‍ട്ടി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്തൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.