പാറ്റ്ന: പ്രവാചകനിന്ദാ പരാമർശത്തിൽ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്ത ബിജെപി വക്താവ് നുപുർ ശർമ്മയുടെ വീഡിയോ കണ്ടതിന് യുവാവിനെ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ബിഹാറിലെ ബഹേറ ഗ്രാമത്തിലെ അങ്കിത് ഝാ എന്നയാൾക്കാണ് കുത്തേറ്റത്. എന്നാൽ സംഭവത്തിൽ കേസെടുത്ത പൊലീസ് നുപുർ ശർമ്മയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരയ്ക്കും പ്രതികൾക്കുമിടയിലെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ദർഭംഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അങ്കിത് ഝാ. നാല് ദിവസം മുമ്പ് നാലംഗ സംഘമാണ് ഝായെ ആക്രമിച്ചത്. ഇതിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.രണ്ട് പേർ ഒളിവിലാണ്. അങ്കിത് ഝായുടെ വാക്കുകൾ ഇങ്ങനെ – ഞാൻ ഒരു കടയിലിരുന്ന് നുപുർ ശർമ്മയുടെ വീഡിയോ കാണുകയായിരുന്നു. അവിടേക്കെത്തിയ മുഹമ്മദ് ബിലാലും സംഘവും വീഡിയോ കാണുന്നതിൽ പ്രകോപിതരായി ദേഷ്യപ്പെട്ടു. അപമാനിച്ചു, കത്തി ഉപയോഗിച്ച് ഇടുപ്പിൽ ആറ് തവണ കുത്തി.
നുപുറിന്റെ വീഡിയോ കണ്ടതിനാണ് മകനെ ആക്രമിച്ചതെന്ന് ഝായുടെ ബന്ധുക്കളും ആരോപിച്ചു. എന്നാൽ പരാതിയിൽ നിന്ന് ബിജെപി നേതാവിന്റെ പേര് ഒഴിവാക്കാൻ പൊലീസ് തങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ പൊലീസ് ഭാഷ്യം മറ്റൊന്നാണ്. സുഹൃത്തുക്കൾ കടയിലിരിക്കെ കഞ്ചാവിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇത് കത്തിക്കുത്തിലേക്ക് നയിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.