തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
2021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു. ജനറല്‍ നഴ്സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം 8 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്‌സിംഗ് കോളേജുകള്‍ക്കായി തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരത്തും, ആലപ്പുഴയിലും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് ആരംഭിച്ചു. ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായും മന്ത്രി പറഞ്ഞു.
നമ്മുടെ നഴ്സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി വിദേശങ്ങളില്‍ വലിയ അവസരങ്ങളാണ് ലഭ്യമായത്.
നാളെ ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുകയാണ്. ആതുര ശുശ്രൂഷാ രംഗത്ത് സേവനത്തിന്റെ പര്യായവും, ആധുനിക നഴ്സിംഗിന്റെ സ്ഥാപകയുമായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുന്നത്. ‘Our Nurses, Our Future The economic Power of Care’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആരോഗ്യ മേഖലയുടെ നെടുംതൂണായ നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തതാണ്. നഴ്സിംഗ് മികവിന്റെ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഫ്ലോറന്‍സ് നൈറ്റിംഗേലിന്, നഴ്സിംഗ് എന്നത് സേവനം മാത്രമായിരുന്നെങ്കില്‍ ഇന്നത് ഒരു പ്രധാന തൊഴില്‍ മേഖലയായി മാറിയിരിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു യുദ്ധ മുഖത്തില്‍ നിന്നാണ് ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ആധുനിക നഴ്സിംഗിന് അടിത്തറ പാകിയത്. ഇന്ന് ലോകം മുഴുവന്‍ ജനിതകമാറ്റം സംഭവിച്ച പുതിയ രോഗാണുക്കളോടും കൊവിഡ് പോലുള്ള മഹാമാരികളോടും പോരാടുന്ന നഴ്സുമാരിലും യോദ്ധാക്കളുമുണ്ട് രക്ത സാക്ഷികളുമുണ്ട്. നിപക്കെതിരെ പോരാടിയ സിസ്റ്റര്‍ ലിനിയും, കോവിഡില്‍ പോരാടിയ സിസ്റ്റര്‍ സരിത ഉള്‍പ്പെടെയുള്ളവരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. അവരുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ നഴ്സിംഗ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്നും മന്ത്രി പറഞ്ഞു.