കൊൽക്കത്ത: ഫ്ലാറ്റ് വിൽപന കേസിൽ തൃണമൂൽ കോൺഗ്രസ് എം.പിയും നടിയുമായ നുസ്റത്ത് ജഹാനെ ഇ.ഡി. ചോദ്യം ചെയ്തു. 2017 വരെ ഡയറക്‌ടറായിരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ എം.പിക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നു.
സെവൻ സെൻസ് ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഫ്ലാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 429 പേരിൽനിന്നായി 5.5 ലക്ഷം വീതം വാങ്ങിയെന്നാണ് കേസ്. കമ്പനി ആളുകളിൽനിന്ന് പണം സമാഹരിച്ച സമയത്ത് നുസ്റത്തായിരുന്നു കമ്പനി ഡയറക്ടർ. പിന്നീട് ഈ സ്ഥാനം രാജിവെക്കുകയായിരുന്നു.
ആഗസ്റ്റിൽ കേസ് കോടതിയിലെത്തിയപ്പോൾ തന്നെ, സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് നുസ്റത്ത് പ്രതികരിച്ചിരുന്നു. കമ്പനിയിൽനിന്ന് 2006ൽ 1.16 കോടി ലോണെടുത്തിരുന്നെന്നും ഇത് പലിശ സഹിതം 1.47കോടി തിരിച്ചടച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു.