കൊളംബോ: ശ്രീലങ്കയിൽ നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ ചൈനീസ് നിക്ഷേപങ്ങളുണ്ടായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയുടെ പിന്തുണ ശ്രീലങ്കക്ക് സഹായകരമായെന്നും ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലെ കഴിവുകേടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ശ്രീലങ്കയെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അവശ്യസാധനങ്ങൾക്കായി ആളുകൾ നീണ്ട ക്യൂവിൽ നിൽക്കുന്നു. ശ്രീലങ്കയുടെ ചരിത്രത്തിൽ ഇങ്ങനെയുണ്ടായിട്ടില്ല. ഞങ്ങളുടെ സർക്കാർ ഇവിടെ ഉണ്ടായിരുന്നപ്പോൾ അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ ക്യൂ നിന്നിരുന്നില്ല. ജനം തെരുവിലിറങ്ങാൻ കാരണം ഉണ്ടാകരുത്. ഗോതബായ രാജപക്‌സെ സർക്കാരിന്റെ കഴിവുകേടാണ് എല്ലാത്തിനും കാരണമെന്നും വിക്രമസിംഗെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
”2019ൽ താൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ നിലയിലായിരുന്നു. രണ്ട് വർഷമായി, ഈ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ അവഗണിച്ചു. 2019 ൽ ഞാൻ ഓഫീസ് വിട്ടപ്പോൾ മിച്ച ബജറ്റും ഇറക്കുമതിക്കായി മതിയായ പണവും ഉണ്ടായിരുന്നു”- വിക്രമസിംഗെ എഎൻഐയോട് പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിനെ സമീപിച്ചാലും സഹായം ലഭിക്കാൻ സമയമെടുക്കും. സർക്കാർ ഇടപെടൽ വൈകി. സർക്കാരിന് മതിയായ കരുതൽ ശേഖരം ഇല്ല. ഇന്ത്യ നീട്ടിയ ഇന്ധനത്തിനുള്ള ക്രെഡിറ്റ് ലൈൻ മെയ് രണ്ടാം വാരം വരെ നീണ്ടുനിൽക്കും. അതിനുശേഷം ശ്രീലങ്ക ഗുരുതരമായ പ്രശ്‌നത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.