തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളിയിൽ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കർ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.
സോളാര്‍ ഗൂഢാലോചന വിവാദം ഇന്ന് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒദ്യോഗിക രേഖയൊന്നും സർക്കാരിന്റെ പക്കൽ ഇല്ല എങ്കിലും , അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചക്ക് 1 മണിക്കാണ് സഭ ഈ വിഷയം ചര്‍ച്ച ചെയ്യുക.